Tuesday, December 8, 2015

വർഷകാവ്യങ്ങൾ

സായന്തനത്തിൻ്റെ തണുത്ത വരാന്തയിൽ പൊഴിയുന്ന മഴച്ചില്ലകൾ കണ്ടിരിക്കുമ്പോൾ ബാല്യം ഓർത്തു പോകുന്നു. മഴയ്ക്കും എൻ്റെ ബാല്യത്തിനും വലിയ സൗഹൃദമുണ്ട്. എൻ്റെ എന്ന് എടുത്ത് പറയേണ്ട കാര്യമില്ല ഒട്ടുമിക്ക ജനങ്ങൾക്കും അങ്ങനെ ഒരു കാലം ഉണ്ടായിരുന്നു. ജൂൺ മാസം വരാൻ കാത്തിരുന്ന പ്രണയിനി ആയിരുന്നു മഴ.. അവളുടെ വരവും തകർപ്പും അട്ടഹാസവും നിറഞ്ഞതായിരുന്നു. എഴുന്നേൽക്കാൻ മടി മൂത്ത് പായിൽ ഉറക്കം തൂങ്ങിയിരുന്നു ഞാനും.. 
വിദ്യാലയത്തിൻ്റെ ഗന്ധം രണ്ട് മാസത്തെ വാർഷിക അവധി കൊണ്ടുപോയിരിക്കും.. പുതിയ പുസ്തകങ്ങളുടെ ഗന്ധമേൽക്കാൻ തിടുക്കപ്പെട്ട് ഉൽസാഹത്തോടെ മഴയെ വകഞ്ഞ് മാറ്റി പോയ കാലം.
മലയാളത്തിൽ നിറഞ്ഞ കാവ്യവും മധുരങ്ങളും കണക്കിൻ്റെ കയ്പുനീർക്കയത്തിൽ പൊലിഞ്ഞ കാലം.
ഓടി കളിച്ച ഇടവേളകൾ.. കഞ്ഞിയും പയറും കിട്ടാൻ വരാന്തയിൽ ചോറ്റുപാത്രം വെക്കുമ്പോഴേക്കും വരും മഴ പിന്നെയും.. 
ആസ്വദിച്ച് ഊണ് കഴിച്ചതൊക്കെ എന്ത് രസമായിരുന്നു. 
നാലു മണി സമയത്തെ മണി കേട്ടാൽ പിന്നെ തിടുക്കം വീട്ടിലെത്താൻ എങ്കിൽ പിന്നെ ഞാനും എന്ന വ്യാജേന മഴക്കള്ളി കൂടെയെത്തും നമ്മെ നനയിക്കാൻ.. വഴിയിൽ ഒഴുകുന്ന വെള്ളത്തിൽ തുള്ളി വിടർന്നാടിയൊരു പോക്കാണു പിന്നെ.. പുസ്തകം നനയാതെ കുളിച്ചു വീട്ടിലെത്താൻ വിദഗ്ധ ആയിരുന്നു ഞാനും... വീട്ടിലെത്തി ആദ്യം അമ്മയെ കാണണം ഇല്ലേൽ ശരിയാവില്ല.. പിന്നെ ഗൃഹപാഠം ,പകർത്ത് അമ്മ കാണാതെ അന്ന് കിട്ടിയ അടിക്ക് നൂറു തവണ ചോദിച്ച ചോദ്യം എഴുതണം.. പിന്നെ ഉറക്കം.. അപ്പോഴും അവൾ വന്നു അമ്മയെ പോലെ നേർത്ത തണുപ്പിൻ്റെ പുതപ്പായി..

Saturday, November 7, 2015

എന്നു നിൻ്റെ മൊയ്തീൻ......

 ഒരു മലയാളം പടം കണ്ടു. സമൂഹത്തിൽ അനവധി നടക്കുന്ന ഒരു സംഭവമാണ് ചിത്രത്തിൻ്റെ പ്രമേയം. വിചിത്രമായ മാറ്റങ്ങൾ ഇന്ന് പ്രണയത്തിൽ വന്നിരിക്കുന്നു..... അതിനൊക്കെ അപവാദമാണ് ഇതിലെ പ്രണയം. ജാതി, മതം എല്ലാം എന്തിനാണ് എന്നു തോന്നിപ്പോയി.. ആവശ്യമില്ലാത്ത ഒന്നല്ല ഇതൊന്നും പക്ഷേ ആത്യന്തികമായി മനുഷ്യൻ മനുഷ്യനാണ് എന്നു മാത്രം നമ്മൾ മറക്കുന്നു. ആ മറവി ജീവച്ഛവങ്ങളെയും രക്തസാക്ഷികളെയും ഈ ലോകത്ത് ബാക്കിയാക്കുന്നു.. ജീവിതം ഒന്നല്ലേയുള്ളു... അതും മനുഷ്യ ജന്മം... അതിൻ്റെ ഭംഗിയും വിശുദ്ധിയും മറന്ന് കേവലം തൊടാനും കാണാനും പറ്റാത്ത വസ്തുതകളിൽ ഭ്രമിച്ച് പവിത്രത നിറഞ്ഞ ജീവിതം ഹോമിച്ചു കളയുന്നു .... എന്നിട്ട് വരും തലമുറയ്ക്ക് ഒരു പാഠം എന്ന അടിക്കുറിപ്പും.... ഏതായാലും ഹൃദയം നിർമ്മലമായുള്ളവർക്ക് ഈശ്വരൻ മറ്റൊരു ലോകം ചമച്ചിട്ടുണ്ടാകും.. അതാവാം ഭൂമി ഇത്രയധികം മലിനമായത്.

Friday, March 14, 2014

ആൽമരത്തിലെ പക്ഷികൾ

മേഘ ദൂതുമായാരോകിളിവാതിലിൽ 
കാണുവാൻ നിന്ന കാലം കഴിഞ്ഞിത്രയും
വത്സരങ്ങൾ കടന്നു പോയെന്നു ചിന്തിക്കാൻ 
കഴിയുന്നില്ലോമലേ ,  നീ ഇന്നും മനതാരിൽ 
കോറുന്നു പൊൻ വർണ്ണ ചിത്ര ജാലം

പൂമണം മാഞ്ഞിട്ടും പുഞ്ചിരി കൊഴിഞ്ഞിട്ടും 
നീ മാത്രം നവ വാസന്തം തന്നെ 
തണൽമരമില്ലാത്ത വീഥിയിൽ അലയവെ 
കുളിർജലം  നൽകി  നീ പുഞ്ചിരിച്ചു 


മഞ്ഞിൻ കണം  പോൽ നനുത്ത നിൻ പാദത്തിൽ 
അർച്ചന ചെയ്യുവാൻ ആശിച്ചു  ഞാനും
ആ മനം  നോവാതെ ജീവിച്ചീടുകിൽ 
കാലം കഴിച്ചിടാം ധന്യമായി...........
അഗ്നിയിലെന്ന  പോൽ വെന്തു പോമെങ്കിലും 
നീ പോകുമെങ്കിൽ ........ മാതൃ ഹൃദയം 
കുളിർമാരി പെയ്ത പോൽ ആനന്ദം പൂകും 
ഓർത്തു വ്യസനിക്കാനേറെയുണ്ടെങ്കിലും
ഓർത്തു  സന്തോഷിക്കാനേറെയുണ്ടല്ലോ

നിറയൌവ്വനം പലതുമാശിക്കും 
നിലാവു നൽകിയ കിനാവിൽ  അലയുന്നു 

ആൽമരത്തിലെ  കിളികളെ പോലെ 
കൂടു  കൂട്ടുവാൻ ആശിച്ചിടുന്നു
മോഹങ്ങൾ മോഹങ്ങൾ  മോഹങ്ങളെല്ലാം 

ഇന്നറിയുന്നു സ്നേഹമേ നീ തീർക്കും 
തളിർ മതിൽ ശക്തം കൽകെട്ടിനെക്കാൾ....
നാമറിയാതെ നമ്മിലുണരുമീ
മോഹമില്ലെങ്കിൽ നിരർത്ഥകം ജീവിതം

ഇഷ്ടമെനിക്കീ ഓർമ്മകൾ ദേവി 
ഇഷ്ടമോടെ ജീവിക്കുന്നുവിന്നും ...................



Wednesday, January 29, 2014

മഴ

                   പൊഴിയുന്ന മഴ നോക്കി ഇരിക്കുമ്പോൾ മനസ്സ് ഏതോ ഒരു തീരം അണഞ്ഞ പോലെ തോന്നും.  പിന്നെ രാത്രികളിൽ തണുപ്പും ചെപ്പിലേന്തി  വരുന്ന അവളെ കാണുമ്പോൾ ഒരു അപ്സര കന്യയെ പോൽ മനോഹരി ആയിരുന്നു. സുശീലയായ പെണ്‍കൊടിയുടെ പാദ പതനവുമായി വരുന്ന അവളെ കണ്ടാൽ കാമിനിയായിരുന്നു . സ്നേഹശീലുകൾ പാടുന്ന , പതിക്കു നിഴൽ പോലെ ധൈര്യമാവുന്ന ,  ദേവിയായിരുന്നു.

                   അവൾ പറയുന്ന കഥകൾ കേട്ട് മെല്ലെ മെല്ലെ ഉറങ്ങി പോകുമായിരുന്ന എനിക്ക് അവൾ അമ്മയായിരുന്നുവോ ? ഇന്നും എന്നും എനിക്കറിയാത്ത വിസ്മയം ആണ് മഴ.പുലരിയിൽ നനുത്ത സ്പർശം  പോലെ ഇലത്തുമ്പിൽ തുള്ളികളിക്കുന്ന നീർത്തുള്ളി  കാണുമ്പോൾ..... പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ലാളിത്യം എന്താണെന്നു അവൾ പറയാതെ പറഞ്ഞു..........

                  ഒറ്റയ്ക്ക് കരയുമ്പോൾ നനഞ്ഞ കൈത്തലം കൊണ്ട് തഴുകി തലോടി അവളോടി  അകന്നു................മഴ വെറുതെ വന്നില്ലൊരിക്കലും മഴ വെറുതെ  വരികയില്ലൊരിക്കലും .......ഒരു കുടം സ്വപ്‌നങ്ങൾ വാരിയെറിഞ്ഞു പോകുന്നു.

Friday, November 8, 2013

ചില വിചാരങ്ങൾ

                          
                        നിഷ്കളങ്കതയെ പറ്റി  പറയുമ്പോൾ ബാല്യമാണ് നമ്മെ തേടി എത്തുക ... ജീവിതത്തിന്റെ കയ്പുനീർ കുടിച്ചിറക്കുന്ന സമയങ്ങളിൽ ഒരു മാനസിക ഉല്ലാസം കിട്ടുന്നതെപ്പോഴും ബാല്യത്തെ പറ്റി ഓർമിക്കുമ്പോൾ ആണ്.
                         കരയാൻ വിധിക്കപ്പെട്ട മിഴികൾ ആയിരുന്നുവെങ്കിലും ഉള്ളിന്റെ ഉള്ളിൽ  മറഞ്ഞു കിടക്കുന്ന കൊച്ചു കൊച്ചു സ്വപ്‌നങ്ങൾ ....... 
ആകാശ വീഥിയിൽ പാറി പറക്കുന്ന അരയന്ന ക്കൂട്ടങ്ങളെന്ന സങ്കൽപം പോലെ എത്ര മനോഹരമായിരുന്നു ....                           അത്ര മനോഹാരിത കാണാൻ കഴിയുന്നത് ഒറ്റയ്ക്ക് ഇരിക്കുന്ന വേളകളിൽ ആണ്.....പകൽകിനാവിന്റെ മധുരം നുണയാത്തവർ ആരാണു ഉണ്ടാവുക .........

Monday, October 29, 2012

പകല്‍ കിനാക്കള്‍


മറന്നു പോകുന്ന കിനാവുകള്‍ പോലെ
എന്നോ എന്നിലെ തളിരുകള്‍ തഴുകിയുണര്‍ത്തി നീ
അരിമുല്ല വിടരുന്ന രാവില്‍ ഞാന്‍ നിന്‍ നെഞ്ചിന്‍
സുഖദ സുകുമാര നിര്‍വൃതിയില്‍
പീലി നീര്‍ത്തി നീ ഉണര്‍ത്തി എന്നെ
പൂവു പോലെന്‍ മനം കൈക്കലാക്കി
പിന്നെ ഞാന്‍ നിന്‍ സ്നേഹ വല്ലരിക്കായ്‌
കാത്തു  കാത്തിരുന്നീ വഴിയില്‍ കണ്ണിമ ചിമ്മാതെ
നീ ചിത്രമെഴുതിയതോര്‍ത്തു ഞാന്‍
രാവില്‍ മയങ്ങാത്ത പുഞ്ചിരി തേടിയോ ?
എന്‍ മനമേകാന്തത തേടിയപ്പോള്‍
നീ കവര്‍ന്നെന്‍ മനം കവിത പോലെ
നീയെന്‍റെ കണ്ണാടി മേഘമായി
നിലാവൊഴുകിയെന്‍ മെയ്യിലാകെ
 നിത്യം നിലാവിന്‍റെ വെന്മയായി
പൂമിഴി കുസൃതികള്‍ ഓര്‍മയേകി
സങ്കടമെന്‍ മിഴി നനച്ചപ്പോള്‍ നിന്‍
കുഞ്ഞല മെയ്യില്‍ തഴുകിയെത്തി
ഒരു കുഞ്ഞു പൂവിന്‍റെ സുഖദമാം ലാസ്യത
ഏകി നീ എന്നില്‍ നിറഞ്ഞിടില്ലേ ?
                                               

Friday, October 12, 2012

ബാല്യ സ്മൃ തികള്‍


കിരണ ചാരുതയില്‍ തെളിയും നീര്‍മടിതട്ടില്‍
വെള്ളി മീനിണകള്‍ തെന്നിയോടുമ്പോള്‍
ഈ തിട്ടയില്‍ പൂത്തു നില്‍പൂ ചെമ്പകം
ഹരിത മേലാട പുതച്ചൂ പൊന്തകള്‍

വൈരം പതിച്ചു  തുള്ളിയോടും മീനേ
കുമ്പിളില്‍ കോരുവാന്‍ തോന്നി നിന്നെ
പുള്ളിമാന്‍ പോലാ കുളത്തിട്ടയില്‍
ബാല്യമാടി തീര്‍ത്തതോര്‍മ  നില്‍പൂ ....

കല്ലിട വഴികളില്‍ കവിത പോല്‍ ഭംഗി
കുടമുല്ല പൂവുകള്‍ വിതറി നിന്നൂ
ആ ലാസ്യ വദനമീ ഭുമിക്കു കാണുവാന്‍
മോഹിപ്പൂ  ഞാനിന്നും  പൃഥീശ്വരാ ............